അൽ കിതാബ് മദ്രസ-വെക്കേഷൻ അസൈൻമെൻറ്‌ ശുദ്ധീകരണം الطهارة


അൽ കിതാബ് മദ്രസ-വെക്കേഷൻ അസൈൻമെൻറ്‌
            24-03-2020
    വിഷയം : ശുദ്ധീകരണം الطهارة
Prepared byMUBASHIRA RAIHANA PARAMBADAN,ഒന്നാം വർഷ
         അഫ്സലുൽ ഉലമ ബിരുദ വിദ്യാർത്ഥിനി.
Typed by       -   MUNAVIRA FARHANA PARAMBADAN,എസ്.എസ്.എൽ.സി
           വിദ്യാർത്ഥിനി
Read by        - MUJAMMILA SALMANA PARAMBADAN, STD IV
Edited by        -   ABBAS PARAMBADAN
        السلام عليكم
بسم الله الرحمن الرحيم، والحمد لله رب العالمين، والعاقبة للمتقين، والصلاة والسلام على عبده ورسوله سيدنا محمد بن عبدالله، وعلى آله وأصحابه، ومن سلك سبيله، واهتدى بهداه إلى يوم الدين. أما بعد
            ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന മതമാണ് ഇസ്ലാം.വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും വളരെ പ്രധാനമാണ്.ശുചിത്വം മനുഷ്യന്റെ ആരോഗ്യപരമായും ആത്മീയപരമായുമുള്ള ഉന്നതിയ്ക്ക് കാരണമാകുന്നു.
    ഉറക്കിൽ നിന്ന് ഉണരുമ്പോൾ രണ്ട് കൈയും 3 പ്രാവശ്യം കഴുകണമെന്ന് നബി തിരുമേനി (സ) പറഞ്ഞിട്ടുണ്ട്.ഹദീസ് കാണുക.

إِذَا اِسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلَا يَغْمِسُ يَدَهُ فِي اَلْإِنَاءِ حَتَّى يَغْسِلَهَا ثَلَاثًا فَإِنَّهُ لَا يَدْرِي أَيْنَ بَاتَتْ يَدَهُ



            നിങ്ങളിൽ ആരെങ്കിലും ഉറക്കിൽ നിന്ന് ഉണരുമ്പോൾ രണ്ട് കൈകളും മൂന്ന് പ്രാവശ്യം കഴുകാതെ പാത്രത്തിൽ കൈ മുക്കരുത്. കാരണം അവന്റെ കൈ എവിടെയാണ് രാപ്പാർത്തിരുന്നതെന്ന് അവനറിയില്ല.
    ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും രണ്ടു കൈകൾ കഴുകൽ മുസ്തഹബ്ബാണ്.ഇതുമായി ബന്ധപ്പെട്ട നിരവധി ഹദീസുകൾ വന്നിട്ടുണ്ട്.          
                                                 
അഞ്ച് നേരത്തെ നിസ്കാരം ഓരോ മുസ്ലിമിനും നിർബന്ധമാണ്.നിസ്കാരത്തിന് ശർത്തുകളും ഫർളുകളും സുന്നത്തുകളുമുണ്ട്.അശുദ്ധികളിൽ നിന്ന് ശുദ്ധിയാകൽ നിസ്കാരത്തിന്റെ ശർത്തുകളിൽ പെട്ടതാണ്.
        അശുദ്ധി രണ്ട് വിധമാണ്.
            1.ചെറിയ അശുദ്ധി.
            2.വലിയ അശുദ്ധി.
    ചെറിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണത്തിന് വുളൂഅ് എന്നും വലിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണത്തിന് കുളി എന്നും പറയുന്നു.
    വുളൂഇന്റെ ശർത്തുകളും ഫർളുകളം സുന്നത്തുകളും പൂർണ്ണമായെന്കിലേ വുളൂഅ് ശരിയാവുകയുള്ളൂ.

        വുളൂഅ് الوضوء
വുളൂഇന്റെ ശർത്തുകൾ 
1.വെള്ളം ത്വഹൂറായിരിക്കുക.
2.അവയവങ്ങളിൽ വെള്ളം ഒഴുക്കുക.
3.ചായം പോലെയുള്ള വെള്ളത്തിന് ഗുണ വ്യത്യാസം വരുത്തുന്നവ അവയവങ്ങളിൽ ഇല്ലാതിരിക്കുക.
4.വെള്ളം ചേരുന്നതിനെ തടയുന്ന ടാർ പോലെയുള്ളത് അവയവങ്ങളിൽ ഇല്ലാതിരിക്കുക.
5.നിത്യ അശുദ്ധിയുള്ളവർക്ക് സമയമാവുക.
    മൂത്ര വാർച്ചക്കാരെപ്പോലെയുള്ളവരാണ് നിത്യ അശുദ്ധിക്കാർ.
വെള്ളത്തിന്റെ ഇനങ്ങൾ
ത്വഹൂർ
            സ്വയം ശുദ്ധിയുള്ളതും മറ്റുള്ളതിനെ ശുദ്ധീകരിക്കാൻ കഴിവുള്ളതുമാണ് ത്വഹൂറായ വെള്ളം.
ഉദാ:കടൽ വെള്ളം,കിണറ്റിലെ വെള്ളം,കുളങ്ങളിലെ വെള്ളം.
ത്വാഹിർ
    സ്വയം ശുദ്ധിയുള്ളതും മറ്റുള്ളതിനെ ശുദ്ധീകരിക്കാൻ കഴിവില്ലാത്തതുമാണ് ത്വാഹിറായ വെള്ളം.
ഉദാ:കഞ്ഞി വെള്ളം,പനിനീർ.
നജസ്
    സ്വയം ശുദ്ധിയില്ലാത്തതും മറ്റുള്ളതിനെ ശുദ്ധീകരിക്കാൻ കഴിവില്ലാത്തതുമാണ് നജസായ വെള്ളം.

വുളൂഇന്റെ ഫർളുകൾ

1.നിയ്യത്ത്.
    നിസ്കാരത്തെ ഹലാലാക്കുവാൻ വേണ്ടി വുളൂഅ് എന്ന ഫർളിനെ ഞാൻ വീട്ടുന്നുവെന്ന് കരുതലാണ് നിയ്യത്ത്.മുഖം കഴുകാനാരംഭിക്കുമ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്.
2.മുഖം കഴുകുക.
    നെറ്റിയുടെ മേൽഭാഗം മുതൽ താടിയെല്ലിന്റെ താഴ് ഭാഗം വരെയാണ് മുഖത്തിന്റെ നീളം.ഒരു ചെവി മുതൽ മറ്റേ ചെവി വരെയാണ് വീതി.
3.കൈ രണ്ടും മുട്ടോടുകൂടി കഴുകുക.
4.തല മുഴുവൻ തടവുക( തലയിൽ നിന്ന് അൽപം തടവിയാലും മതിയാകും,തല മൂർദ്ധാവു വരെയെങ്കിലും തടവണം എന്നീ അഭിപ്രായങ്ങളും ഉണ്ട്. തല മുഴുവൻ തടവലാണ് കൂടുതൽ സൂക്ഷ്മത.)
5.കാൽ രണ്ടും ഞെരിയാണിയോടുകൂടി കഴുകുക.
6.തർതീബ് പാലിക്കുക(മേൽ പറഞ്ഞ കാര്യങ്ങൾ ക്രമ പ്രകാരം ചെയ്യുക).

    നിയ്യത്തോടുകൂടി വെള്ളത്തിൽ മുങ്ങിയാൽ വുളൂഅ് ലഭിക്കുന്നതാണ്.എന്നാൽ തലയിലൂടെ വെള്ളം ഒഴിച്ചാൽ വുളൂഅ് ലഭിക്കില്ല.

വിശുദ്ധ ഖുർആൻ വചനം:
يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ وَإِن كُنتُمْ جُنُبًا فَاطَّهَّرُواْ وَإِن كُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ جَاء أَحَدٌ مَّنكُم مِّنَ الْغَائِطِ أَوْ لاَمَسْتُمُ النِّسَاء فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيدًا طَيِّبًا فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِيدُ اللّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَـكِن يُرِيدُ لِيُطَهَّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ ( വലിയ അശുദ്ധി ) ബാധിച്ചവരായാല്‍ നിങ്ങള്‍ ( കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.

ഹദീസുകൾ:
إِذَا تَوَضَّأَ الرَّجُلُ كَمَا أُمِرَ ، ذَهَبَ الْإِثْمُ مِنْ سَمْعِهِ وَبَصَرِهِ وَيَدَيْهِ وَرِجْلَيْهِ 
(ത്വബ്റാനി)
    കൽപിക്കപ്പെട്ടപോലെ ഒരാൾ വുളൂഅ് ചെയ്താൽ അവന്റെ കേൾവിയിലും കാഴ്ചയിലും രണ്ട് കൈകളിലും രണ്ട് കാലുകളിലും ഉള്ള പാപങ്ങൾ പൊറുക്കുന്നതാണ്.

 إِذَا تَوَضَّأَ الْعَبْدُ الْمُسْلِمُ - أَوِ الْمُؤْمِنُ - فَغَسَلَ وَجْهَهُ خَرَجَ مِنْ وَجْهِهِ كُلُّ خَطِيئَةٍ نَظَرَ إِلَيْهَا بِعَيْنَيْهِ مَعَ الْمَاءِ - أَوْ مَعَ آخِرِ قَطْرِ الْمَاءِ - فَإِذَا غَسَلَ يَدَيْهِ خَرَجَ مِنْ يَدَيْهِ كُلُّ خَطِيئَةٍ كَانَ بَطَشَتْهَا يَدَاهُ مَعَ الْمَاءِ - أَوْ مَعَ آخِرِ قَطْرِ الْمَاءِ - فَإِذَا غَسَلَ رِجْلَيْهِ خَرَجَتْ كُلُّ خَطِيئَةٍ مَشَتْهَا رِجْلاَهُ مَعَ الْمَاءِ - أَوْ مَعَ آخِرِ قَطْرِ الْمَاءِ - حَتَّى يَخْرُجَ نَقِيًّا مِنَ الذُّنُوبِ 
     ഒരു മുസ്ലിം അവന്റെ മുഖം കഴുകുമ്പോൾ (വുളൂഇന്റെ ഭാഗമായി) അവന്റെ കണ്ണ് കൊണ്ട് കണ്ടിട്ടുള്ള പാപങ്ങളെല്ലാം ആ വെള്ളം കൊണ്ടോ അവസാനത്തെ ഒരു തുള്ളി വെള്ളം കൊണ്ടോ ഇല്ലാതാകുന്നു.അവൻ അവന്റെ കൈകൾ കഴുകുമ്പോൾ ആ കൈകൾ കൊണ്ട് അവൻ ചെയ്തിട്ടുള്ള പാപങ്ങളെല്ലാം ആ വെള്ളം കൊണ്ടോ അവസാനത്തെ ഒരു തുള്ളി വെള്ളം കൊണ്ടോ ഇല്ലാതാകുന്നു.അവൻ അവന്റെ കാലുകൾ കഴുകുമ്പോൾ ആ കാലുകൾ കൊണ്ട് അവൻ ചെയ്തിട്ടുള്ള പാപങ്ങളെല്ലാം ആ വെള്ളം കൊണ്ടോ അവസാനത്തെ ഒരു തുള്ളി വെള്ളം കൊണ്ടോ ഇല്ലാതാകുന്നു.ഇങ്ങനെ അവൻ എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധമാകുന്നു.
الطُّهُورُ شَطْرُ الإِيمَانِ  (സ്വഹീഹ് മുസ്ലിം)
    ശുദ്ധി ഈമാനിന്റെ പകുതിയാണ്.

വുളൂഇന്റെ സുന്നത്തുകൾ
    വുളൂഅ് ചെയ്യുമ്പോൾ ഖിബ്ലയ്ക്ക് മുന്നിടുക,വുളൂഇന്റെ സുന്നത്തിനെ ഞാൻ വീട്ടുന്നു എന്ന നിയ്യത്തോടെ ബിസ്മി ചൊല്ലുക,
    സിവാക്ക് അഥവാ ദന്തശുദ്ധീകരണം ചെയ്യുക,കൊപ്പ്ളിക്കുക, മൂക്കിൽ വെള്ളം കയറ്റി ചീറ്റുക,ചെവി രണ്ടും തടവുക,മുഖവും കൈകാലുകളും കയറ്റി കഴുകുക,തിങ്ങിയ താടി തിക്കകറ്റി കഴുകുക,വിരലുകൾ വിടർത്തി കഴുകുക,എല്ലാം മൂന്ന് പ്രാവശ്യം ചെയ്യുക,തുടർച്ചയായി ചെയ്യുക,സംസാരിക്കാതിരിക്കുക,അംഗങ്ങൾ തേച്ചു കഴുകുക,മടമ്പ്,പീളക്കുഴി മുതലായവ സൂക്ഷിച്ച് കഴുകുക, ബാക്കിയുള്ള വെള്ളത്തിൽ നിന്ന് അൽപം കുടിക്കുക,വുളൂഇന് ശേഷം ദുആ ചെയ്യുക.
    മൂന്നു പ്രാവശ്യത്തിൽ കൂടുതൽ കഴുകലും ചുരുക്കലും കറാഹത്താണ്.

ദന്തശുദ്ധീകരണം
    എല്ലാ സമയത്തും സിവാക്ക് ചെയ്യൽ സുന്നത്താണ്.എല്ലാ നിസ്കാരത്തിനും എല്ലാ വുളൂഇനും ഖുർആൻ,ഹദീസ്,ശർഇയ്യായ ഇൽമ് എന്നിവയുടെ പാരായണത്തിനും വായ പകർച്ച ആകുമ്പോഴും ഉറക്കം വരുമ്പോഴും ഉറക്കിൽ നിന്ന് ഉണരുമ്പോഴും മരണം ആസന്നമാകുമ്പോഴും ദന്തശുദ്ധീകരണം നടത്തൽ മുഅക്കദായ സുന്നത്താണ്.ആത്മീയമായും ആരോഗ്യപരമായും   ധാരാളം ഗുണങ്ങൾ  ദന്തശുദ്ധീകരണത്തിലൂടെ ലഭിക്കുന്നതാണ്.

നബി വചനങ്ങൾ:

السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ

   സിവാക്ക് ചെയ്യൽ(ദന്തശുദ്ധീകരണം)   
 വായയ്ക്ക് ശുദ്ധീകരണവും റബ്ബിന് തൃപ്തിയുമാണ്.
 لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي لأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ
(സ്വഹീഹ് മുസ്ലിം)
          എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കിൽ എല്ലാ നിസ്കാരത്തിലും സിവാക്ക് ചെയ്യാൻ ഞാൻ അവരോട് കൽപിക്കുമായിരുന്നു.


عَنْ حُذَيْفَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ

(സ്വഹീഹ് മുസ്ലിം)
          ഹുദൈഫ(റ) പറയുന്നു:നബി(സ) രാത്രി ഉറക്കിൽ നിന്ന് ഉണരുമ്പോൾ സിവാക്ക് കൊണ്ട് വായ ശുദ്ധീകരിക്കുമായിരുന്നു.

عَنِ الْمِقْدَامِ بْنِ شُرَيْحٍ، عَنْ أَبِيهِ، قَالَ سَأَلْتُ عَائِشَةَ قُلْتُ بِأَىِّ شَىْءٍ كَانَ يَبْدَأُ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ بَيْتَهُ قَالَتْ بِالسِّوَاكِ 

(സ്വഹീഹ് മുസ്ലിം)
   മിഖ്ദാമു ബ്നു ശുറൈഹ് തന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
    നബി(സ) വീട്ടിലേയ്ക്ക് വന്നാൽ ആദ്യം എന്താണ് ചെയ്യുകയെന്ന് ഞാൻ ആയിശ(റ)വിനോട് ചോദിച്ചു. ദന്തശുദ്ധീകരണം(സിവാക്ക്) കൊണ്ടാണ് തുടങ്ങുകയെന്നാണ് അവർ മറുപടി പറഞ്ഞത്.

വുളൂഇന് ശേഷമുള്ള ദുആ

    വുളൂഇന് ശേഷം ഖിബ്ലയ്ക്ക് മുന്നിട്ട് കൊണ്ട് ഈ ദുആ ചൊല്ലുക.
أشْهَدُ أنْ لا إله إِلاَّ اللَّهُ وَحْدَهُ لا شَرِيك لَهُ ، وأشْهَدُ أنَّ مُحَمَّداً عَبْدُهُ وَرَسُولُهُ ، اللَّهُمَّ اجْعَلْنِي مِنَ التَوَّابِينَ ، واجْعَلْني مِنَ المُتَطَهِّرِينَ 
سُبْحانَكَ اللَّهُمَّ وبِحَمْدِكَ ، أشْهَدُ أنْ لا إلهَ إِلاَّ أنْتَ ، أسْتَغْفِرُكَ وأتُوبُ إِلَيْك
          അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.അവൻ ഏകനാണ്.അവന് പങ്കുകാരില്ല.മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.അല്ലാഹുവേ,കൂടുതൽ തൌബ ചെയ്യുന്നവരിൽ എന്നെ നീ ഉൾപ്പെടുത്തേണമേ.ശുദ്ധി വരുത്തുന്നവരിലും എന്നെ നീ ഉൾപ്പെടുത്തേണമേ.അല്ലാഹുവേ,നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.നീ അല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.നിന്നോട് പൊറുക്കലിനെ തേടുന്നു.നിന്നിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.

വുളൂഅ് മുറിയുന്ന കാര്യങ്ങൾ
1.മലമൂത്ര ദ്വാരങ്ങളിൽ കൂടി മനിയ്യ് അല്ലാത്ത വല്ലതും     പുറപ്പെട്ടുവെന്ന് ഉറപ്പാക്കൽ.
2.ബുദ്ധിയുടെ വകതിരിവ് നീങ്ങൽ.
3.മുൻകയ്യിന്റെ പള്ള കൊണ്ട് മനുഷ്യന്റെ ഗുഹ്യസ്ഥാനം തൊടൽ.
4.വലിയവരും അന്യരുമായ സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേരൽ.
    (അന്യ സ്ത്രീ പുരുഷന്മാർ തമ്മിൽ വികാരത്തോടെ തൊട്ടാൽ മാത്രമേ വുളൂഅ് മുറിയുകയുള്ളൂ എന്ന വീക്ഷണവുമുണ്ട്, സ്പർശനം കൊണ്ട് വുളൂഅ് മുറിയുകയില്ലെന്നും സംഭോഗം കൊണ്ട് മാത്രമേ മുറിയുകയുള്ളൂവെന്നുമുള്ള അഭിപ്രായവുമുണ്ട്).

                    കുളി
കുളി നിർബന്ധമാകുന്ന കാര്യങ്ങൾ
1.മനിയ്യ്(ഇന്ദ്രിയം) പുറപ്പെടൽ.
2.ഫർജിൽ ഹഷ്ഫ കടക്കൽ (സംഭോഗം)
3.ഹൈള് രക്തം(ആർത്തവ രക്തം) മുറിയൽ.
4.നിഫാസ് രക്തം(പ്രസവ രക്തം) മുറിയൽ.
5.പ്രസവിക്കൽ.

കുളിയുടെ ഫർളുകൾ
1.നിയ്യത്ത്.
2.ശരീരം മുഴുവൻ വെള്ളം എത്തിക്കൽ.

കുളിയുടെ സുന്നത്തുകൾ
    കുളിയുടെ ആദ്യത്തിൽ ബിസ്മി ചൊല്ലുക,മലിനവസ്തുക്കൾ നീക്കുക,വുളൂഅ് ചെയ്യുക,ശരീരം തേച്ച് കഴുകുക,ചുളിവുള്ള ഇടങ്ങളിൽ സൂക്ഷിച്ച് കഴുകുക,മൂന്ന് പ്രാവശ്യം ചെയ്യുക,ഖിബ്ലയ്ക്ക് മുന്നിടുക,കുളിയുടെ ശേഷം വുളൂഇന് ശേഷമുള്ള ദുആ ചൊല്ലുക.
    ജുമുഅ,പെരുന്നാൾ,ഗ്രഹണം,ഇസ്തിസ്ഖാഅ് എന്നീ നിസ്കാരങ്ങൾക്കും മയ്യിത്ത് കുളിപ്പിച്ചവർക്കും ഭ്രാന്ത്,ബോധക്ഷയം എന്നിവ സുഖപ്പെട്ടവർക്കും,മക്കയിലും മദീനയിലും പ്രവേശിക്കുന്നവർക്കും,ഹജ്ജിന്റെ അമലുകൾ ചെയ്യുന്നവർക്കും, കുളിക്ക സുന്നത്താണ്. വെള്ളിയാഴ്ച്ച ദിവസങ്ങളിൽ കുളി പ്രത്യേക സുന്നത്തുണ്ട്.
    അശുദ്ധികൊണ്ട് നിഷിദ്ധമായത്
    നിസ്കാരം,സുജൂദ്,ത്വവാഫ്,ജുമുഅയുടെ ഖുതുബ,മുസ്ഹഫ് തൊടലും ചുമക്കലും എന്നിവ രണ്ട് അശുദ്ധിയുള്ളവർക്കും ഹറാമാണ്.ഖുർആൻ ഓതുക,പള്ളിയിൽ താമസിക്കുക എന്നിവ വലിയ അശുദ്ധിക്കാർക്ക് ഹറാമാകും.എന്നാൽ ആർത്തവകാരിക്ക് മുസ്ഹഫ് തൊടാതെ ഖുർആൻ ഓതാമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.
    ഹൈളോ നിഫാസോ ഉള്ള സമയത്ത് നോമ്പ് നോൽക്കലും സംയോഗം ചെയ്യലും മുട്ടു പൊക്കിളിന്റെ ഇടയിൽ രമിക്കലും അവരെ ത്വലാഖ് ചെയ്യലും ഹറാമാണ്.ഹജ്ജിൽ പ്രവേശിച്ച സ്ത്രീയ്ക്ക് ഹൈളുണ്ടായാൽ ഹജ്ജിന്റെ കർമ്മങ്ങളിൽ ത്വവാഫ് അല്ലാത്തത് ചെയ്യാം.ത്വവാഫ് ശുദ്ധിയായ ശേഷം ചെയ്യാം.
            തയമ്മും
    വെള്ളം ഉപയോഗിക്കാൻ കഴിയാത്തവൻ വുളൂഇനും കുളിക്കും പകരം തയമ്മും ചെയ്യൽ നിർബന്ധമാണ്.
    നിയ്യത്തോടു കൂടി മണ്ണ് അടിച്ചെടുത്ത് നിയ്യത്തോടു കൂടിത്തന്നെ മുഖം ഒരു പ്രാവശ്യം തടവുക.അതിനു ശേഷം രണ്ടു കൈ കൊണ്ടും മണ്ണ് അടിച്ച് ഇടത് കൈ കൊണ്ട് വലതു കൈയും വലത് കൈ കൊണ്ട് ഇടതു കൈയും വിരലുകളുടെ തല മുതൽ മുട്ടുൾപ്പെടെ ഓരോ പ്രാവശ്യം തടവുക.
    സമയമാവുക,ത്വഹൂറായ പൊടിമണ്ണ് കൊണ്ടായിരിക്കുക, വെള്ളം ഉപയോഗിക്കാൻ കഴിയാതിരിക്കുക,തയമ്മുമിന്റെ മുമ്പ് ശരീരത്തിലെ നജസ് നീക്കുക എന്നിവ തയമ്മുമിന്റെ ശർത്തുകളാണ്.
    നിയ്യത്ത് (ഫർള് നിസ്കാരം ഹലാലാക്കാൻ വേണ്ടി ഞാൻ തയമ്മും ചെയ്യുന്നു എന്ന് കരുതൽ.) ,മണ്ണ് അടിച്ചെടുക്കൽ,മുഖം തടവൽ,രണ്ടു കൈയും മുട്ടുൾപ്പെടെ തടവൽ,തർതീബ് അഥവാ ക്രമപ്രകാരം ചെയ്യൽ എന്നിവയാണ് തയമ്മുമിന്റെ ഫർളുകൾ.
ഒരു തയമ്മും കൊണ്ട് ഒരു ഫർള് മാത്രമേ നിസ്കരിക്കാൻ പാടുള്ളൂ.
   നജസിൽ നിന്നുള്ള ശുദ്ധീകരണം

നജസിൽ നിന്ന് ശുദ്ധി വരുത്തൽ നിസ്കാരത്തിന്റെ ശർത്താണ്. നിസ്കരിക്കുന്നവന്റെ ശരീരവും വസ്ത്രവും സ്ഥലവും നജസിൽ നിന്ന് ശുദ്ധമായിരിക്കേണ്ടതാണ്.നജസ് രണ്ടു വിധമുണ്ട്.
1.അയ്നുന്നജസ്عين النجس
    തനിയെ മലിനമായതാണ് അയ്നുന്നജസ്.
2.മുതനജ്ജിസ്متنجس
    അയ്നുന്നജസ് കൊണ്ട് മലിനമായതാണ് മുതനജ്ജിസ്.

നായ,പന്നി,ശവം,മൂത്രം,കാഷ്ഠം,രക്തം,ചലം,ഛർദ്ദിച്ചത്,മദ്യം, തിന്നാൻ പറ്റാത്ത ജീവിയുടെ പാൽ,തിന്നാൻ പറ്റാത്ത ജീവിയിൽ നിന്ന് വേർപ്പെട്ട രോമം ഇവ നജസാണ്.
അയ്നുന്നജസ് ശുദ്ധമാക്കാൻ കഴിയില്ല.എങ്കിലും നായ,പന്നി എന്നിവയല്ലാത്ത ശവത്തിന്റെ തോൽ ഊറക്കിടുന്നത്കൊണ്ടും മദ്യം സുർക്കയാവുന്നത് കൊണ്ടും ശുദ്ധിയാകുന്നതാണ്.
മുതനജ്ജിസ് കഴുകി വൃത്തിയാക്കാവുന്നതാണ്. അയ്നുന്നജസായ നായയെ കഴുകി വൃത്തിയാക്കാൻ കഴിയില്ല.
നായ തൊട്ട സ്ഥലം മുതനജ്ജിസായതിനാൽ അത് കഴുകി വൃത്തിയാക്കാം.
    നജസിന്റെ നിറം,മണം,രുചി എന്നിവ നീങ്ങുന്നത് വരെ ത്വഹൂറായ വെള്ളം കൊണ്ട് കഴുകേണ്ടതാണ്.നായ,പന്നി എന്നിവ കൊണ്ട് മലിനമായ മുതനജ്ജിസ് ഏഴു തവണ കഴുകണം.ഒന്നാം തവണ മണ്ണ് കലക്കിയ വെള്ളം കൊണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
     മലമൂത്ര വിസർജ്ജനം
വിസർജ്ജനം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ
1.പാദരക്ഷകൾ ധരിക്കുക.
2.തല മറക്കുക.
3.അല്ലാഹുവിന്റെ പേരോ ആദരിക്കപ്പെടുന്ന മറ്റു വല്ലതോ കൊണ്ട് പോകാതിരിക്കുക.
4.വിസർജ്ജന സ്ഥലത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ഇടത് കാൽ മുന്തിക്കുക.
5. വിസർജ്ജന സ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നതിനു മുന്പ്

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

(-അല്ലാഹുവേ, ആൺപിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.)  എന്ന് ചൊല്ലുക.
6.വിസർജ്ജന സമയത്ത് സംസാരിക്കാതിരിക്കുക.
7.പുറപ്പെടുമ്പോൾ വലതു കാൽ മുന്തിക്കുക.
8.പുറപ്പെട്ട ശേഷം,
            غُفـرانَك
    (അല്ലാഹുവേ,എനിക്ക് നീ പൊറുത്തു തരേണമേ)
    എന്ന് ചൊല്ലുക.

    ഖിബ്ലയ്ക്ക് മുന്നിട്ടോ പിന്നിട്ടോ ഖബ്റിൻമേലോ എല്ലിൻമേലോ ഭക്ഷണസാധനങ്ങളിലോ ബഹുമാനിക്കപ്പെടുന്ന വസ്തുക്കളിലോ വിസർജ്ജനം നടത്തൽ ഹറാമാണ്.
    മാളം,ഉറച്ച സ്ഥലം,കാറ്റടിച്ചു വീശുന്ന സ്ഥലം,വെള്ളം വീഴുന്ന സ്ഥലം,ജനങ്ങൾ സംസാരിച്ചിരിക്കുന്ന സ്ഥലം,വഴി,ഫലം കായ്ക്കുന്ന മരച്ചുവട്,ഖബ്റിന്റെ സമീപം കെട്ടിനിൽക്കുന്ന വെള്ളം, കുറഞ്ഞൊലിക്കുന്ന വെള്ളം,ബയ്ത്തുൽ മുഖദ്ദിസിന് മുന്നിട്ടും പിന്നിട്ടും വിസർജ്ജനം കറാഹത്താണ്.
    ശൗചം ചെയ്യൽ
     നബി (സ) യും സ്വഹാബാക്കളും കൂടി ഒരു ദിവസം ഖബർസ്ഥാനിലേക്ക് പോയപ്പോൾ രണ്ടു ഖബ്റുകളെ ചൂണ്ടിക്കൊണ്ട് നബി ഇപ്രകാരം പറഞ്ഞു: “ഈ രണ്ടു ഖബ്റിലെ ആളുകൾ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.ഒരാൾ വിസർജ്ജനം ചെയ്താൽ വൃത്തിയാക്കാറുണ്ടായിരുന്നില്ല.മറ്റേയാൾ നമീമത്ത്(ഏഷണി) പറയുന്നവൻ ആയിരുന്നു.
             അതിനാൽ വിസർജ്ജനം ചെയ്താൽ വൃത്തിയാക്കണം.വൃത്തി ഈമാനിന്റെ ഒരു ഭാഗമാണ്.
     മലമൂത്ര വിസർജ്ജനം ചെയ്താൽ ത്വഹൂറായ വെള്ളം കൊണ്ട് ശുദ്ധിയാക്കണം. വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സന്ദർഭത്തിൽ നജസിനെ വലിച്ചെടുക്കാൻ കഴിയുന്ന കല്ല്,ഇഷ്ടിക മുതലായവ കൊണ്ട് മൂന്നു തവണ തുടച്ചാലും മതി.ഇടത് കൈ കൊണ്ടാണ് ശൗചം ചെയ്യേണ്ടത്.
അൽ കിതാബ് മദ്രസ വാട്സ്ആപ്പ് ഗ്രൂപ്പിൽ 7 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം. ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയക്കുക.രക്ഷിതാക്കൾ കുട്ടികൾക്ക് ക്ളാസ്സുകൾ കേൾപ്പിക്കണം.ഇതുവരെയുള്ള ക്ളാസ്സുകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.
അബ്ബാസ് പറമ്പാടൻ അസ്സലാമു അലൈക്കും.

Comments

Popular posts from this blog

ആരാണ് അല്ലാഹു? ഭാഗം 2 من هو الله؟ അൽ കിതാബ് മദ്രസ

ആരാണ് അല്ലാഹു? ഭാഗം 1 من هو الله؟ അൽ കിതാബ് മദ്രസ

ഭാഗം - 2 بسم الله ബിസ്മില്ലാഹ് അഥവാ അല്ലാഹുവിന്റെ നാമത്തിൽ- അൽ കിതാബ് മദ്രസ